പെരുമ്പാവൂരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അറിയാന്‍ ഇമെയില്‍ വിലാസം താഴെ ചേര്‍ക്കൂ

Saturday, July 20, 2013

ജനലഴി തകര്‍ത്ത് അകത്തുകയറിയ മോഷ്ടാക്കള്‍ വീട്ടുകാരെ മയക്കിക്കിടത്തിയശേഷം പണവും മൊബൈലും കവര്‍ന്നു

പെരുമ്പാവൂര്‍: ജനലഴി അറുത്തുമാറ്റി അകത്തുകടന്ന് വീട്ടുകാരെ മയക്കിക്കിടത്തിയ ശേഷം പണവും മൊബൈല്‍ ഫോണും കവര്‍ന്നു.
കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം തോമ്പ്ര മേരി ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ വാടകയ്ക്ക് താമസിയ്ക്കുന്ന കൊല്ലപ്പറമ്പില്‍ ബിജു രാജപ്പന്റെ 27820 രൂപയും പതിനായിരം രൂപ വില വരുന്ന മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്. വീട്ടുകാരെ ഗാഢമായി ഉറക്കാന്‍ മോഷണത്തിനെത്തിയവര്‍ എന്തോ സ്‌പ്രേ ഉപയോഗിച്ചുവെന്നാണ് നിഗമനം.
അയ്മുറിയില്‍ പ്രവര്‍ത്തിയ്ക്കുന്ന കേരള സ്‌പൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ ബിജു വ്യാഴാഴ്ച വൈകിയായിരുന്നു വീട്ടിലെത്തിയത്. ബിജു അഴിച്ചിട്ടിരുന്ന പാന്റ്‌സിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും ചാര്‍ജ് ചെയ്യാന്‍ ഇട്ടിരുന്ന മൊബൈലുമാണ് നഷ്ടപ്പെട്ടത്.
ചിമ്മിനിയ്ക്ക് സമീപമുള്ള ചെറിയ ജനലിന്റെ രണ്ട് ഇരുമ്പഴികള്‍ അറുത്ത് മാറ്റി അകത്തുകടന്ന മോഷ്ടാക്കള്‍ പിന്നിലെ വാതില്‍ തുറന്നിട്ടിരുന്നു. രാവിലെ വാതില്‍ തുറന്നു കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ബിജുവും ഭാര്യയും മൂന്നു കുട്ടികളും ഭാര്യയുടെ മുത്തശ്ശനുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ എല്ലാവരുടേയും ശരീരത്ത് തടിപ്പുകളും ചൊറിച്ചിലും അനുഭവപ്പെട്ടതോടെയാണ് മോഷ്ടാക്കള്‍ വീട്ടുകാരെ മയക്കാന്‍  സ്‌പ്രേ ഉപയോഗിച്ചുവെന്നു വ്യക്തമായത്. എല്ലാവര്‍ക്കും തലകറക്കവുമുണ്ട്. ഇവര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി.
പെരുമ്പാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

മംഗളം 20.07.2013

No comments: