സുരേഷ് കീഴില്ലം
പെരുമ്പാവൂര്‍: കേരള രാഷ്ട്രീയത്തിലെ എക്കാലത്തേയും ഏറ്റവും മാന്യനായ ഒരാളുടെ ഭാര്യ. അറിവിനേയും വായനയേയും ഗാഢമായി പ്രണയിച്ച ജ്ഞാനോപാസകന്റെ പ്രിയ സഹോദരി.
ഇന്നലെ അന്തരിച്ച ലക്ഷ്മിക്കുട്ടിയമ്മ മുന്‍ മുഖ്യ മന്ത്രി പി.കെ വാസുദേവന്‍ നായരുടെ സഹയാത്രികയായിരുന്നു. ഒപ്പം, കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നായ പുല്ലുവഴി കമ്മ്യൂണിസത്തിന്റേയും.
മറ്റു കുട്ടികള്‍ പന്തുകളിച്ചും മറ്റും നേരം കളഞ്ഞപ്പോള്‍ പുല്ലുവഴിയിലെ കാപ്പിള്ളില്‍ തറവാടിന്റെ അകത്ത് ഒരുപറ്റം കുട്ടികള്‍ വഴിമാറി സഞ്ചരിക്കുകയായിരുന്നു. ബാലസമാജം രൂപീകരണം, കയ്യെഴുത്ത് മാസിക, വായന, രാഷ്ട്രീയം... ഇടതു സൈദ്ധാന്തികനായി പിന്നീട് മാറിയ പി ഗോവിന്ദപ്പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ഇത്തരം കൂട്ടായമകളില്‍ എന്നും ഒരു കൊച്ചു പെണ്‍കുട്ടിയുണ്ടായിരുന്നു. ലക്ഷ്മിക്കുട്ടി.
ലക്ഷ്മിക്കുട്ടിയമ്മ പിന്നീട് കേരള ചരിത്രത്തിന്റെ ദൃക്‌സാക്ഷിയോ അതിന്റെ ഭാഗമോ ആയി മാറി. 1942-ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത് പി.ജി ജയിലിലാവുന്നത്, 51-ല്‍ തിരു-കൊച്ചി നിയമസഭയില്‍ അംഗമാകുന്നത്, 57 ലും 69 ലും കേരള നിയമസഭ അംഗമാകുന്നത്, 57-ല്‍ കേരളത്തില്‍ ലോകത്തെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ അധികാരത്തില്‍ വന്നത്, 64-ല്‍ പാര്‍ട്ടി പിളര്‍ന്നത്, ഭര്‍ത്താവും സഹോദരനും ഇരു ചേരിയിലായത്, പി.കെ.വി സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയാവുന്നത്, പി.കെ.വി യ്ക്കും പി.ജിയ്ക്കും കേരളം കണ്ണീരോടെ വിട നല്‍കിയത്.
പി.ജി ആലുവ യു.സി കോളജില്‍ പഠിയ്ക്കുമ്പോഴാണ് പി.കെ.വിയുമായി സൗഹൃദത്തിലാവുന്നത്. കിടങ്ങൂര്‍ സ്വദേശിയായ പി.കെ.വി പുല്ലുവഴിയിലെ നിത്യസന്ദര്‍ശകനായി മാറി. അങ്ങനെയാണ് അദ്ദേഹം പിന്നീട് ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം കഴിയ്ക്കുന്നത്. മാളിക്കത്താഴത്ത് പരമുപിള്ളയെന്ന കരപ്രമാണി ഏകമകള്‍ ലക്ഷ്മിക്കുട്ടിയെ പി.കെ.വി യ്ക്ക് കൈപിടിച്ചു കൊടുക്കുമ്പോള്‍ ഒരു ഉപാധിയുണ്ടായിരുന്നു. മരുമകന്‍ തറവാട്ടുവീട്ടില്‍ താമസിയ്ക്കണമെന്നതായിരുന്നു അത്. പി.കെ.വി മരണം വരെ വാക്കു തെറ്റിച്ചില്ല. അതുകൊണ്ടുതന്നെ പി.കെ.വി എന്ന ത്രൈക്ഷരി പിന്നീട് പുല്ലുവഴിക്കാരുടെ സ്വകാര്യ അഹംഭാവമായി മാറി.
പാര്‍ട്ടി പിളര്‍ന്ന ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ സഹോദരനു വേണ്ടി പ്രചാരണത്തിനിറങ്ങിയ ലക്ഷ്മിക്കുട്ടിയമ്മ എതിര്‍ചേരിയിലായ ഭര്‍ത്താവിനോടുള്ള കൂറു സൂക്ഷിച്ചിരുന്നു. കമ്മ്യൂണിസത്തിനൊപ്പം ദൈവവിശ്വാസം ഒപ്പം കൊണ്ടു നടന്നതും കുറ്റിക്കാട്ട് ക്ഷേത്രത്തില്‍ മുടങ്ങാതെ ദര്‍ശനം നടത്തിയതും ഇവരുടെ സവിശേഷ വ്യക്തിത്വത്തിന്റെ തെളിവ്. ഒരുഘട്ടത്തില്‍ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണം നടത്തിക്കൊടുത്തതുപോലും ലക്ഷ്മിക്കുട്ടിയമ്മയാണ്.
കക്ഷി രാഷ്ട്രീയത്തിനും തത്വശാസ്ത്രങ്ങള്‍ക്കും അപ്പുറം ബന്ധങ്ങള്‍ സൂക്ഷിയ്ക്കാനും മനുഷ്യരെ സ്‌നേഹിയ്ക്കാനുമുള്ള കഴിവായിരുന്നു ലക്ഷ്മിക്കുട്ടിയമ്മയുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനം എന്ന് കാണാം.
മംഗളം 7.07.2013
No comments:
Post a Comment