പെരുമ്പാവൂര്‍: തൊഴിലാളികളുടെ കാത്തിരുപ്പിന്റേയും സഹനത്തിന്റേയും നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ട്രാവന്‍കൂര്‍ റയോണ്‍സ് വീണ്ടും രാഷ്ട്രീയക്കളികളിലെ തുരുപ്പ് ചീട്ടാവുന്നു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി രൂപീകരിച്ച റയോണ്‍സ് സംരക്ഷണ സമിതിയുടെ ശ്രമങ്ങള്‍ എങ്ങുമെത്താതെ നില്‍ക്കുമ്പോഴാണ് ഒരു വിഭാഗം തൊഴിലാളികള്‍ ഇന്ന് റയോണ്‍സിന് മുന്നില്‍ കുടില്‍കെട്ടി സമരം ചെയ്യുന്നതും സി.പി.എം റയോണ്‍സ് വിഷയം ഏറ്റെടുത്ത് 20 മുതല്‍ സമരം തുടങ്ങുന്നതും. തെരഞ്ഞെടുപ്പ് യുദ്ധത്തിനുള്ള പ്രധാന ആയുധമായി രാഷ്ട്രീയ നേതൃത്വങ്ങള്‍ റയോണ്‍സ് പ്രശ്നത്തിന് വീണ്ടും മൂര്‍ച്ഛ കൂട്ടുകയാണ്.
ഒരു കാലത്ത് കൃത്രിമ പട്ടുനൂല്‍ ഉത്പാദിപ്പിയ്ക്കുന്ന ഇന്ത്യയിലെ തന്നെ പ്രമുഖ സ്ഥാപനമായിരുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് 2001 ഏപ്രില്‍ 17 നാണ് അടച്ചുപൂട്ടിയത്. വൈദ്യുതി ലൈന്റെ അറ്റക്കുറ്റപ്പണികള്ക്കെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു അടച്ചുപൂട്ടല്‍. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയും അതുവഴിയുണ്ടായ കടബാദ്ധ്യതയുമായിരുന്നു ഇതിന് കാരണം. കൃത്രിമ പട്ടുനൂല്‍ വസ്ത്രങ്ങള്‍ക്ക് ഡിമാന്റ് കുറഞ്ഞതും ഇവിടെ ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിദേശത്ത് നിന്ന് കൃത്രിമ പട്ടുനൂല്‍ ഇറക്കുമതി ചെയ്തതുമാണ് മറ്റൊരു കാരണം. പട്ടുനൂലിനൊപ്പം ഇവിടെ നിര്‍മ്മിച്ചിരുന്ന സെലോഫൈന്‍ പേപ്പറന്റെ സ്വീകാര്യതയ്ക്കും മങ്ങലേറ്റിരുന്നു.
1946-ല്‍ എം.സി.എം ചിദംബരം ചെട്ട്യാര് സ്ഥാപിച്ച റയോണ്സാണ് പെരുമ്പാവൂരിന്റെ മുഖം മാറ്റിയത്. പ്രതിമാസം 45 ലക്ഷത്തോളം രൂപയാണ് ഈ സ്ഥാപനത്തിന്റെ പ്രതാപകാലത്ത് പെരുമ്പാവൂര്‍ പട്ടണത്തിലേയ്ക്ക് ഒഴുകിയെത്തിയത്.
കമ്പനി അടച്ചുപൂട്ടിയതോടെ സ്ഥാപനത്തിന്റെ 72 ഏക്കര്‍ ഭൂമി കാടുകയറി. വന്‍ മെഷ്യനറികള്‍ തുരുമ്പെടുത്ത് നശിച്ചു. പലതും പലരും കടത്തിക്കൊണ്ടു പോവുകയും ചെയ്തു.
ഇതിനിടെ കമ്പനി ഏറ്റെടുത്ത് നടത്താന്‍ പ്രൊമോട്ടര്‍മാരായി പലരും വന്നു. തമിഴ്നാട്ടില്‍ എന്‍ഡിഇഇ ഗ്രൂപ്പാണ് 2004-ല്‍ ആദ്യമെത്തിയത്. ആദ്യ അഞ്ചു വര്‍ഷം 559 കോടിയും പത്തുവര്‍ഷം കഴിയുമ്പോള്‍ 837 കോടിയും മുടക്കുമെന്ന് വാഗ്ദാനമുണ്ടായി. ആയിരം പേര്‍ക്ക് നേരിട്ടും 12500 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിയ്ക്കുന്നതായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ അത് പാതിവഴിയില്‍ മുടങ്ങി.
2007-ല്‍ കൊച്ചി ഇലഞ്ഞിക്കല്‍ ഗ്രൂപ്പ് രംഗത്ത് വന്നു. ഇവര്‍ക്ക് വേണ്ടത്ര സാമ്പത്തിക ഭദ്രതയില്ലെന്ന പേരില്‍ അതും മുടങ്ങി. 2010-ല്‍ മിഡ്ലാന്റ് ഗ്രൂപ്പ് പ്രൊമോട്ടറായി രംഗത്ത് വന്നെങ്കിലും അവരുമായുള്ള ചര്‍ച്ചകളും പാതിവഴിയില്‍ അലസി.
ഇതിനിടെ അനിശ്ചിതമായി തുടരുന്ന റയോണ്‍സിന്റെ സ്ഥിതിഗതികളില്‍ 2008-ല്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. കമ്പനി അടച്ചുപൂട്ടാനും ആസ്തികള്‍ ഏറ്റെടുക്കാനും ബാധ്യതകള്‍ തിട്ടപ്പെടുത്താനും ഒഫീഷ്യല്‍ ലിക്വഡേറ്റര്‍ക്ക് ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന് നിര്‍ദ്ദേശം നല്കി. എന്നിട്ടും റയോണ്‍സ് പ്രശ്നം പിന്നെയും അപരിഹാര്യമായി തുടര്‍ന്നു.
അതിനിടെ റയോണ്‍സിന്റെ അഞ്ച് ഏക്കര്‍ സബ് സ്റ്റേഷന് നിര്‍മ്മാണത്തിന് കെ.എസ്.ഇ ബിയ്ക്ക് വിട്ടുകൊടുത്തു. അവശേഷിക്കുന്നത് ഇപ്പോള്‍ 67 ഏക്കറാണ്.
ബാങ്കുകള്‍ക്കും മറ്റുധനകാര്യ സ്ഥാപനങ്ങള്‍ക്കും മുതലും പലിശയുമായി 22 കോടിയാണ് നല്‍കാനുള്ളത്. ഇത് പതിനേഴു കോടിയില്‍ നിര്‍ത്താനുള്ള അഭ്യര്‍ത്ഥന പ്രിന്‍സിപ്പല്‍ സെക്രട്ടറി ബാങ്കുകള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ഇതിനു പുറമെ തൊഴിലാളികള്‍ക്ക് കൊടുത്തു തീര്‍ക്കാനുള്ളത് 36 കോടി രൂപയോളമാണ്. അങ്ങനെ വരുമ്പോള്‍ ആകെ അറുപതു കോടിയില്‍ താഴെയാണ് ബാദ്ധ്യത.
റയോണ്‍സ് ഭൂമി വ്യവസായ പാട്ടത്തിന് നല്കിയാല് മാത്രം 67 കോടി രൂപ ലഭിയ്ക്കും. കമ്പനി വളപ്പിലെ ആസ്ഥികള്‍ക്ക് മുപ്പതുകോടി വില വരുമെന്നാണ് ഏകദേശ കണക്ക്.
ആ നിലയ്ക്ക് റയോണ്‍സ് വളപ്പ് വലിയൊരു വ്യവസായിക മേഖലയാക്കി മാറ്റാനുള്ള സാദ്ധ്യതകള്‍ ഇപ്പോഴുമുണ്ട്. കൊച്ചി എയര്‍പോര്‍ട്ടിനും ആലുവ റെയില്‍വേ സ്റ്റേഷനും ചേര്‍ന്നുള്ള ഇവിടെ ഗതാഗത സൗകര്യങ്ങള്‍ ഏറെയാണ്. കെ.എസ്.ഇ.ബി സബ്സ്റ്റേഷനും റയോണ്‍സിന്റെ സ്വന്തം സബ് സ്റ്റേഷനും ഇവിടുള്ളതിനാല്‍ ഊര്‍ജ്ജ പ്രതിസന്ധിയ്ക്ക് തീരെ സാദ്ധ്യതയില്ല. പരിസ്ഥിതി പ്രശ്നങ്ങള്‍ ഇല്ലാത്തതും തൊഴില്‍ ലഭ്യതയുള്ളതുമായ ഏതൊരു വ്യവസായത്തേയും മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും സ്വാഗതം ചെയ്തിട്ടുമുണ്ട്.
അതേസമയം, വീണ്ടും റയോണ്‍സിന്റെ പേരില്‍ വേറിട്ട സമരപരിപാടികളുമായി വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തു വരുന്നതിന്റെ ഉദ്ദേശശുദ്ധി സംശയിയ്ക്കപ്പെടേണ്ടതാണ്. റയോണ്‍സ് ഒരിയ്ക്കലും തീരാത്ത പ്രശ്നമായി നിലനിര്‍ത്തുകയും തെരഞ്ഞെടുപ്പ് തുരുപ്പു മാത്രമായി എക്കാലവും ഉപയോഗിയ്ക്കുകയുമാണ് രാഷ്ട്രീയ കക്ഷികളുടെ ലക്ഷ്യം എന്നാണ് ഇതില്‍ നിന്ന് വീണ്ടും വ്യക്തമാകുന്നത്.
മംഗളം 17.07.2013
No comments:
Post a Comment