പെരുമ്പാവൂര്‍: ഐക്യജനാധിപത്യമുന്നണി സംഭവബഹുലമായ സമ്മര്‍ദ്ദങ്ങളെ നേരിടുന്ന ഘട്ടത്തില്‍ മുന്നണിയുടെ അമരക്കാരന് പി.പി തങ്കച്ചന് നാളെ 75 വയസ്സു തികയും. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പം ഒരു കേക്ക് മുറിയ്ക്കലില്‍ ആഘോഷങ്ങള്‍ ഒതുങ്ങും.
ദശാബ്ദങ്ങളുടെ രാഷ്ട്രീയ പാരമ്പര്യം പേറുന്ന യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍മാനെന്ന നിലയിലും എം.എല്‍.എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും നിയമസഭ സ്പീക്കര്‍ എന്ന നിലയിലും പിന്നിട്ടു പോന്നത് സുവര്‍ണ വഴിത്താരകള്‍.
1967 ല്‍ പെരുമ്പാവൂര്‍ മണ്ഡലം പ്രസിഡന്റായി ചുമതലയേറ്റെടുത്ത തങ്കച്ചന് ബ്ലോക്ക് പ്രസിഡന്റ്, എറണാകുളം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നി നിലക്ക് സംഘടനാ നേതൃരംഗത്തും അമരത്തെത്തി.
1968 മുതല്‍ പന്ത്രണ്ട് വര്‍ഷക്കാലമാണ് പെരുമ്പാവൂര്‍ നഗരസഭാ പിതാവായി സേവനം അനുഷ്ഠിച്ചത്. 82 മുതല്‍ രണ്ട് ദശാബ്ദക്കാലം കേരള നിയമസഭയില്‍ പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചു. നാലുവര്‍ഷക്കാലമാണ് സ്പീക്കറായി നിയമസഭയെ നിയന്ത്രിച്ചത്. പിന്നീട് കൃഷിവകുപ്പ് മന്ത്രിയുമായി.
ഇക്കാലത്താണ് കൃഷിക്കാര്‍ക്ക് സൗജന്യമായി വൈദ്യുതി ഏര്‍പ്പെടുത്തിയത്. കൃഷിയുടെ ധനാഭ്യാര്‍ത്ഥന ഐക്യകണ്ഠേന സഭ പാസാക്കിയിത് ഈ കാലഘട്ടത്തില്‍ തന്നെ. വോട്ടിംഗ് കൂടാതെ ഒരു ധനാഭ്യര്‍ത്ഥന നിയമസഭ പാസാക്കിയത് കേരള നിയമസഭയുടെ ചരിത്രത്തില്‍ അത് ആദ്യം.
പെരുമ്പാവൂര്‍ നഗരസഭയില്‍ ശുദ്ധ ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കിയതും മാര്‍ത്തോമ്മ കോളജ്, ഫയര്‍ സ്റ്റേഷന്, കെ.എസ്.ഇ.ബി ഡിവിഷന്-സര്‍ക്കിള്‍ ഓഫീസുകള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഡിവൈ.എസ്.പി ഓഫീസ്, പെരുമ്പാവൂര്‍-കുറുപ്പംപടി സര്‍ക്കിള്‍ ഓഫീസുകള്‍, പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസ്, വാട്ടര്‍ അതോറിറ്റി ഡിവിഷണല്‍ ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പെരുമ്പാവൂരിലെത്തുന്നത് ഇക്കാലത്താണ്. എം.എ.സി.ടി കോടതി, ഒക്കല്‍ പഞ്ചായത്ത്, വെങ്ങോല കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍, കൂവപ്പടി പോളിടെക്നിക് എന്നിങ്ങനെ ഈ പട്ടിക നീളും. കൂടാതെ പാത്തിപ്പാലം, തോട്ടുവ പാലം, റോഡുകള്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ വേറേയും.
പൊതുജീവിതത്തില്‍ അഴിമതിയുടെ കറ പുരളാതെ സൂക്ഷിച്ചിട്ടുള്ള തങ്കച്ചന് രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ സഹായിക്കാനും മനസ്സുകാട്ടാറുണ്ട്. യു.ഡി.എഫിലെ എല്ലാ കക്ഷികളേയും ഭിന്നിച്ചുപോകാതെ നയിക്കാന്‍ തങ്കച്ചന്റെ പക്വതയുള്ള സമീപനം ഏറെ ഗുണം ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് അങ്ങേയറ്റം പ്രക്ഷുബ്ദ്ധമായ നീണ്ട ഏഴുവര്‍ഷക്കാലം യു.ഡി.എഫിന്റെ അമരക്കാരനായിരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്.
മംഗളം 28.7.2013
No comments:
Post a Comment