Friday, July 26, 2013

കോടതി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു; ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ചു

വിസ തട്ടിപ്പ്

പെരുമ്പാവൂര്‍: കോടതി  കേസെടുക്കാന്‍  ഉത്തരവിട്ടിട്ടും വിസ തട്ടിപ്പുമായി ബന്ധപ്പെട്ട യുവതിയെ പിടികൂടിയ ശേഷം പോലീസ് നിരുപാധികം വിട്ടയച്ചു. യുവതി കുറ്റം ചെയ്തിട്ടില്ലെന്ന് പറഞ്ഞതിനാലാണ് വിട്ടയച്ചതെന്ന് പോലീസ് റിപ്പോര്‍ട്ട്.
ചെങ്ങന്നൂര്‍ എണ്ണക്കാട് തുണ്ടിത്തറയില്‍ വീട്ടില്‍ സൂരജ് സോമന്റെ ഭാര്യ ധന്യ സുരജി (25) നേയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയ ശേഷം വിട്ടയച്ചത്. 
കൂവപ്പടി  ചേരാനല്ലൂര്‍ തേയ്ക്കാനത്ത് വീട്ടില്‍ ജോസഫ് സെബാസ്റ്റ്യന് സിങ്കപ്പൂരിലേയ്ക്കുള്ള വിസ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു അന്വേഷണവും ഉണ്ടായില്ല. ഇതേതുടര്‍ന്ന് ജോസഫ് പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ അഡ്വ.ബേസില്‍ ജോയി മുഖാന്തിരം സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്ന് ബോദ്ധ്യപ്പെട്ട കോടതി പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാന്‍ ഉത്തരവായി.
ഇതേ തുടര്‍ന്നാണ് മൂന്നാഴ്ച മുമ്പ് ടൗണിലെ വാടക വീട്ടില്‍ നിന്ന് ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാം പ്രതിയായ ധന്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം അന്നു രാത്രി തന്നെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു. കോടതി നിര്‍ദ്ദേശം അനുസരിച്ച് പിടികൂടിയ പ്രതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാന്‍ പോലും തയ്യാറാകാതെയാണ് ധന്യയെ  വിട്ടയച്ചത്. യുവതി ഇപ്പോള്‍ ഒളിവിലാണ്. 
സംഭവം അറിഞ്ഞ പരാതിക്കാരന്‍ അന്വേഷണ പുരോഗതി അറിയണമെന്നാവശ്യപ്പെട്ട് കോടതിയ്ക്ക് അപേക്ഷ നല്‍കി. അതനുസരിച്ച് പോലീസ് കോടതിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് യുവതി പറഞ്ഞതിനാല്‍ അവരെ വിട്ടയച്ചുവെന്ന് വ്യക്തമാക്കിയത്.
2012 ഡിസംബര്‍ മൂന്നാം തീയതി എഴുതി തയ്യാറാക്കിയ കരാര്‍ അനുസരിച്ചാണ് ജോസഫ് ധന്യയ്ക്ക് പണം കൈമാറിയത്. ഹാപ്പി കോപ്പിറ്റം എന്ന ഹോട്ടലില്‍ പ്രതിമാസം 65000 രൂപ ശമ്പളത്തില്‍ ഷെഫിന്റെ ജോലി നല്‍കാം എന്നായിരുന്നു കരാര്‍. ഇതനുസരിച്ച് പതിന്നാലിന് നെടുമ്പാശ്ശേരിയില്‍ നിന്ന് സിങ്കപ്പൂരിന് പോയെങ്കിലും സൂരജ് അയച്ചുകൊടുത്ത വിസ വ്യാജമായിരുന്നതിനാല്‍ ജോസഫിനെ എമിഗ്രേഷന്‍ ഓഫീസര്‍മാര്‍ അവിടെ തടഞ്ഞുവയ്ക്കുകയായിരുന്നു. മടങ്ങിയെത്തിയ ജോസഫിന് ശരിയായ വിസ ഉടനെ ലഭിയ്ക്കുമെന്ന് ധന്യ  വിശ്വസിപ്പിച്ചു. 
രണ്ടു മാസം പിന്നിട്ടിട്ടും വിസയോ കൊടുത്ത പണമോ ലഭിയ്ക്കാതെ വന്നപ്പോഴാണ് താന്‍ വഞ്ചിയ്ക്കപ്പെട്ടുവെന്ന് ജോസഫിന് മനസ്സിലായത്. എഴുതി തയ്യാറാക്കിയ കരാറും സൂരജുമായി ജോസഫ് നടത്തിയ ഇ മെയില്‍ സന്ദേശങ്ങളും സംഭവത്തിന് തെളിവായുണ്ട്. ഇതൊന്നും പരിശോധിയ്ക്കാതെയാണ് യുവതിയെ പൂര്‍ണ്ണ വിശ്വാസത്തിലെടുത്ത്  പോലീസ് അവരെ വിട്ടയച്ചത്.
ഇതിനു പുറമെ, വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കോതമംഗലം പോലീസ് സ്റ്റേഷനിലും കാലടി പോലിസ് സ്റ്റേഷനിലും സൂരജിനെതിരെ കേസുകളുണ്ട്. ഇതും പെരുമ്പാവൂര്‍ പോലീസ് കണ്ടില്ലെന്ന് നടിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നീതിയുക്തമല്ലാത്ത പോലീസ് അന്വേഷണത്തിന് എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് സെബാസ്റ്റ്യന്‍ വീണ്ടും കോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.

മംഗളം 26.07.2013



No comments: