Thursday, July 4, 2013

കുടുംബശ്രീ ലോണിന്റെ പേരില്‍ യുവതി കോടികള്‍ തട്ടിയെടുത്ത് മുങ്ങി

പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പിന് പിറകെ കുടുംബശ്രീ ലോണിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നും  കോടികള്‍ തട്ടിയെടുത്ത യുവതി മുങ്ങിയെന്ന് പരാതി. പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് സമീപം പാറക്കണ്ടം കോളനിയിലെ പാറക്കണ്ടം വീട്ടില്‍ സിനി (32) ആണ് കോടികള്‍ തട്ടിച്ച് മുങ്ങിയത്. ഒറ്റപ്പെട്ട പരാതികളാണ് ഇതു സംബന്ധിച്ച് ഇപ്പോള്‍ പോലീസിനു ലഭിച്ചിട്ടുള്ളത്.
   കുടുംബശ്രീ ജില്ലാ കോ - ഓര്‍ഡിനേറ്റര്‍ എന്ന് പരിചയപ്പെടുത്തിയായിരുന്നു യുവതിയുടെ തട്ടിപ്പ്. ഇതില്‍  ഇരയായവരില്‍ ഏറെയും പെരുമ്പാവൂരിലെ ബിസിനസുകാരാണ്. ഒരു കോടിയില്‍പരം രൂപ സിനി പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്. പെരുമ്പാവൂരിലുള്ള ഒരു പഴക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നും 48  ലക്ഷവും ഒരു ബിസിനസുകാരന്റെ കയ്യില്‍ നിന്നും 30 ലക്ഷവും പച്ചക്കറി മൊത്തവ്യാപാരിയുടെ കയ്യില്‍ നിന്നും ഒമ്പത് ലക്ഷവും പെരുമ്പാവൂരിലെ മറ്റൊരു ഫ്രൂട്ട്‌സ് കടക്കാരന്റെ കയ്യില്‍ നിന്നും 10 ലക്ഷവും തൃശൂര്‍ സ്വദേശിയില്‍ നിന്നും 12 ലക്ഷവും പെരുമ്പാവൂര്‍ പൂപ്പാനിയിലുള്ള ഒരു കുടുംബ ശ്രീ യൂണിറ്റില്‍ നിന്നും ഒരു ലക്ഷവും പൂപ്പാനി തുരുത്തിപറമ്പിലുള്ള തങ്കമ്മ, അമ്മിണി എന്നീ സ്ത്രീകളില്‍ നിന്നും 10 ലക്ഷവും തൃശൂരിലെ ഒരു സ്വര്‍ണ വ്യാപാരിയില്‍ നിന്നും ഒരു കോടിയുമാണ് സിനി തട്ടിയെടുത്തതെന്ന് അറിയുന്നു..
    ലോകബാങ്ക് പദ്ധതിയിലെ കുടുംബശ്രീ ലോണുകള്‍ ലാപ്‌സായി പോകുന്നുവെന്നും അത് ലോണായി ലഭിയ്ക്കുമെന്നും വരുത്തി തീര്‍ത്താണ് കുടുംബശ്രീ യൂണിറ്റുകളുടെ പേരില്‍ ബിസിനസുകാരില്‍ നിന്നും പണം തട്ടിയത്. 10 പേരടങ്ങുന്ന ഒരു യൂണിറ്റില്‍ ഒരാളുടെ പക്കല്‍ നിന്നും 5000 രൂപ വീതം 50,000 രൂപ അടച്ചാല്‍ ഒന്നര ലക്ഷം രൂപയുടെ ബാങ്ക് ലോണ്‍ പാസാകുമെന്നും ലോണിന്റെ പേപ്പര്‍ ശരിപ്പെടുത്താന്‍ ജില്ലാ മിഷനില്‍ 50,000 മുടക്കുവരുമെന്നും ഇവര്‍ വിശ്വസിപ്പിച്ചു. ബാക്കി തുക കുടുംബശ്രീ യൂണിറ്റിന് ലഭിക്കുമെന്നും കൂടാതെ 25,000 സബ്‌സിഡിയായും ലഭിക്കുമെന്നും വിശ്വസിപ്പിയ്ക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ബിസിനസുകാര്‍ പലരുടേയും വ്യാജപേരുകളിലാണ് തുക സിനിക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ പലര്‍ക്കും പരാതിപ്പെടാനും ആവില്ല.
     കോഴിക്കോട് ഫാറൂഖ് കോളനിയില്‍ താമസിക്കുന്ന ജയേഷുമായി നാല് മാസം മുമ്പാണ് സിനിയുടെ വിവാഹം കഴിഞ്ഞത്. ഭര്‍ത്താവറിഞ്ഞാണ് ഇവരുടെ  തട്ടിപ്പ്. പെരുമ്പാവൂര്‍ കൂടാതെ തൃശൂര്‍, ചെങ്ങമനാട്, ചാലക്കുടി, അങ്കമാലി എന്നിവടങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. 
ആലുവ സെന്റ് സേവിയേഴ്‌സ് പള്ളിയുടെ എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ഡിസൈനര്‍ എന്ന സ്ഥാപനമാണ് കുടുംബശ്രീയുടെ ഓഫീസായി സിനി തട്ടിപ്പിനിരയായവരെ പരിചപ്പെടുത്തിയത്. സിനിയുടെ തട്ടിപ്പ് പുറംലോകം അറിയുന്നതോടെ നിരവധി പരാതികള്‍ സ്റ്റേഷനില്‍ എത്തുമെന്നാണ് കരുതുന്നത്. 

മംഗളം 4.07.2013




1 comment:

Pheonix said...

സാമ്പത്തിക പ്രാരാബ്ദങ്ങളില്‍ മുങ്ങി നട്ടം തിരിയുന്ന ആരെങ്കിലും ഒരു ആയിരം രൂപ ചോദിച്ചാല്‍ ഇവരൊന്നും കൊടുക്കില്ല. ഇപ്പൊ ലക്ഷങ്ങളും കൊടികളും പോയാല്‍ ആരോട് ചോദിക്കാന്‍.