Wednesday, November 26, 2008

ഭാര്യയേയും കാമുകനേയും ചുട്ടുകൊല്ലാന്‍ ശ്രമിച്ചു; ഭാര്യാമാതാവ്‌ വെന്തുമരിച്ചു

30.4.2008

പെരുമ്പാവൂറ്‍: ഭാര്യയേയും കാമുകനേയും മണ്ണെണ്ണയൊഴിച്ച്‌ ചുട്ടുകൊല്ലാനുള്ള ഭര്‍ത്താവിണ്റ്റെ ശ്രമത്തിന്നിടയില്‍ വെന്തുമരിച്ചത്‌ ഭാര്യാമാതാവ്‌. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയേയും കാമുകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ ഒളിവില്‍.

ബംഗാള്‍ മുര്‍ഷിദാബാദ്‌ ജില്ലയില്‍ കാളീഗഞ്ച്‌ ജ്വാലാംഗി സ്വദേശിനി സമിതാ ബീവി (55) ആണ്‌ മരിച്ചത്‌. ഇവരുടെ മകള്‍ അംബികാബീവി (20), കാമുകന്‍ മുഹമ്മദ്‌ റിസ്റ്റം (40) എന്നിവരെ ഗുരുതരമായി പൊള്ളലേറ്റനിലയില്‍ കോട്ടയം മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ്‌ വെസ്റ്റ്‌ ബംഗാള്‍ താര്‍ബില്ലാസ്പൂറ്‍ സ്വദേശി ഷജയദുലി (35) നെ പോലീസ്‌ അന്വേഷിയ്ക്കുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ സംഭവം. മാറമ്പിള്ളി കൊത്തനാടന്‍ സുലൈമാണ്റ്റെ വിട്ടില്‍ വാടകയ്ക്ക്‌ താമസിയ്ക്കുകയായിരുന്നു സ്ത്രീകള്‍. വാതിലിന്നിടയിലൂടെ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നുവെന്ന്‌ പോലീസ്‌ പറയുന്നു. മുറിയിലുണ്ടായിരുന്ന സാമിഗ്രികള്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. തീപ്പൊള്ളലേറ്റ സ്ത്രീകളുടെ നിലവിളികേട്ട്‌ ഓടിയെത്തിയ നാട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്നാണ്‌ അകത്തുകടന്നത്‌. പൊള്ളലേറ്റവരെ ആദ്യം ആലുവ താലൂക്ക്‌ ആശുപത്രിയിലും പിന്നീട്‌ കോട്ടയം മെഡിയ്ക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ൧൦ മണിയോടെ സമീതാ ബീവി മരിച്ചു. അംബികാ ബീവിയുടെ നിലയും ഗുരുതരമാണ്‌.

മൂന്നുവര്‍ഷം മുമ്പ്‌ ജോലി തേടി കേരളത്തിലെത്തിയ കുടുംബമാണ്‌ ഇവരുടേത്‌. ഷജയദുല്‍ കഴിഞ്ഞമാസം നാട്ടില്‍ പോയി വന്നപ്പോഴേയ്ക്കും ഭാര്യ കാമുകനൊപ്പം താമസം തുടങ്ങിയിരുന്നു. ഇതിണ്റ്റെ പ്രതികാരമായിരുന്നു മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്താനുള്ള കാരണമെന്ന്‌ പോലീസ്‌ പറയുന്നു. പെരുമ്പാവൂറ്‍ എസ്‌.ഐ ക്രിസ്പിന്‍ സാമിണ്റ്റെ നേതൃത്വത്തില്‍ പോലീസ്‌ അന്വേഷണം തുടങ്ങി. ഇന്നലെ കൊച്ചിയില്‍ നിന്നെത്തിയ സയണ്റ്റിഫിക്‌ എക്സ്പര്‍ട്ടസ്‌ സംഭവസ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചുമടങ്ങി.

No comments: