11.1.2008
പെരുമ്പാവൂറ്‍: കടുത്ത ജലക്ഷാമം മൂലം കീഴില്ലം പെരുംതൃക്കോവില്‍ ക്ഷേത്രത്തിലെ ശബരിമല ഇടത്താവളത്തിലെത്തുന്ന അയ്യപ്പഭക്തര്‍ വലയുന്നു.
കുടിയ്ക്കാനും പ്രാധമിക ആവശ്യങ്ങള്‍ നിറവേറ്റാനും ക്ഷേത്രവളപ്പിനു പുറത്തുനിന്ന് അയ്യപ്പഭക്തര്‍ തലച്ചുമടായി വെള്ളം ചുമക്കേണ്ടി വന്നിട്ടും ദേവസ്വംബോര്‍ഡ് അധികൃതര്‍ ഇതറിഞ്ഞമട്ടു നടിച്ചിട്ടില്ല. മകരവിളക്ക് അടുത്തതോടെ ഇടത്താവളത്തിലെത്തുന്ന ഭക്തരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചു. ക്ഷേത്രവളപ്പിനുള്ളില്‍ ഒരുസമയം ഇരുപതോളം വാഹനങ്ങള്‍ വരെയുണ്ടാകും. നൂറുകണക്കിന് അയ്യപ്പഭക്തര്‍ ഇടത്താവളത്തെ ആശ്രയിയ്ക്കുന്നു. എന്നാല്‍ ഇവര്‍ക്കാവശ്യമായത്രയും ജലം ക്ഷേത്രക്കിണറില്‍ നിന്ന് പമ്പുചെയ്യാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഉച്ചയ്ക്ക് മുമ്പുതന്നെ ടാപ്പുകളില്‍ വെള്ളമില്ലാതാകും. ചുറ്റുമതിലിനു പുറത്തെ പൊതുടാപ്പില്‍ നിന്നും തൊട്ടടുത്ത വീടുകളില്‍ നിന്നും തലച്ചുമടായി ജലം കൊണ്ടുവരേണ്ട ഗതികേടിലാണ് അയ്യപ്പഭക്തര്‍.
ഈസമയം തന്നെ ഇടത്താവളത്തിലെ ടോയ്ലെറ്റുകളും കുളിമുറിയും ഉപയോഗിയ്ക്കുന്നതിന് ഇവരില്‍ നിന്നും നിശ്ചിത നിരക്ക് ഈടാക്കുന്നുമുണ്ട്. ചിലപ്പോഴൊക്കെ അത് അമിതനിരക്കാവുന്നുവെന്നും പരാതിയുണ്ട്. അതിനാല്‍ പലപ്പോഴും അന്യസംസ്ഥാനക്കാരായ തീര്‍ത്ഥാടകര്‍ ക്ഷേത്രപരിസരങ്ങളിലും റോഡരികിലും മലമൂത്രവിസര്‍ജനം നടത്തുകയാണ്. ഇതുമൂലം പരിസരവാസികളും യാത്രക്കാരും ബുദ്ധിമുട്ടുന്നുണ്ട്. നെയ്യഭിഷേക ടിക്കറ്റ് ഉള്‍പ്പടെ ശബരിമലയിലെ പ്രധാന വഴിപാടുകള്‍ക്കുള്ള ചീട്ടെടുക്കാനുള്ള സൌകര്യം ഇടത്താവളങ്ങളില്‍ ഏര്‍പ്പെടുത്തുമെന്ന ദേവസ്വം ബോര്‍ഡിണ്റ്റെ വാഗ്ദാനവും ഇവിടെ നടപ്പായിട്ടില്ല.
എം.സി റോഡിനരികില്‍ സ്ഥിതി ചെയ്യുന്ന കീഴില്ലം പെരുംതൃക്കോവില്‍ കേരളത്തിലെ ഏറ്റവും പ്രധാന ഇടത്താവളങ്ങളില്‍ ഒന്നാണ്. അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാകാത്ത പക്ഷം ഈ ശരണകേന്ദ്രം വരും വര്‍ഷങ്ങളില്‍ അയ്യപ്പഭക്തര്‍ ഉപേക്ഷിച്ചേക്കാം
No comments:
Post a Comment