Wednesday, November 26, 2008

സി.പി. എം മാര്‍ച്ച്‌ അക്രമാസക്തമായി; പെരുമ്പാവൂറ്‍ മുനിസിപ്പല്‍ ഓഫീസ്‌ അടിച്ചു തകര്‍ത്തു

19.5.2008

പെരുമ്പാവൂറ്‍: പാത്തിത്തോട്‌ മലിനീകരണവുമായി ബന്ധപ്പെട്ട്‌ സി.പി.എം ഇന്നലെ നഗരസഭ ഓഫീസിലേയ്ക്ക്‌ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി. പ്രകടനക്കാര്‍ ഓഫിസ്‌ അടിച്ചുതകര്‍ക്കുകയും ജിവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ്‌ നോക്കി നില്‍ക്കേയായിരുന്നു ഇത്‌.

കുറ്റവാളികളെ അറസ്റ്റ്‌ ചെയ്തില്ലെങ്കില്‍ പോലീസ്‌ സ്റ്റേഷനു മുന്നില്‍ അനിശ്ചിതകാല ഉപവാസ സമരം നടത്താനാണ്‌ യു.ഡി.എഫ്‌ കൌണ്‍സിലര്‍മാരുടെ തീരുമാനം. നഗരസഭാ സ്ളോട്ടര്‍ ഹൌസില്‍ നിന്നുള്ള മാലിന്യങ്ങള്‍ പാത്തിത്തോട്ടില്‍ തള്ളുന്നുവെന്ന്‌ ആരോപിച്ചായിരുന്നു പ്രകടനം. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌, സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എം സലിം, മുന്‍ ലോക്കല്‍ സെക്രട്ടറി കെ.എം മുഹമ്മദ്‌, പഞ്ചായത്ത്‌ സ്റ്റാണ്റ്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ സി.വൈ മീരാന്‍, വാര്‍ഡ്‌ മെമ്പര്‍ ബേബി ജോസഫ്‌, അഡ്വ.കെ.എം ഷംസുദ്ദീന്‍, കെ.പി സണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. രാവിലെ പത്തുമണിയോടെ നഗര സഭാ ഓഫീസിലെത്തിയ പ്രകടനക്കാര്‍ ഗ്ളാസ്‌ ക്യാബിനുകള്‍ അടിച്ചുതകര്‍ത്തു. മുറികള്‍ക്കുമുന്നിലുള്ള നെയിം ബോര്‍ഡുകള്‍ പിഴുതെടുത്ത്‌ ദൂരെയെറിഞ്ഞു.

അരമണിക്കൂറോളം സംഘര്‍ഷാവസ്ഥ നീണ്ടുനിന്നിട്ടും പോലീസ്‌ കാര്യക്ഷമമായി ഇടപെട്ടില്ലെന്ന്‌ ആക്ഷേപമുണ്ട്‌. ഇതേ തുടര്‍ന്ന്‌ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ പ്രകടനം രാഷ്ട്രീയ പ്രേരിതമാണെന്ന്‌ നഗരസഭാ ചെയര്‍പേഴ്സണ്‍ ഐഷാ ടീച്ചര്‍ ആരോപിച്ചു. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിണ്റ്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന്‌ കഴിഞ്ഞ ഒരു വര്‍ഷമായി നഗരസഭയുടെ സ്ളോട്ടര്‍ഹൌസ്‌ പ്രവര്‍ത്തിയ്ക്കുന്നില്ല. മറ്റ്‌ അംഗീകൃത കശാപ്പുശാലകളും അടച്ചിട്ടിരിയ്ക്കുകയാണ്‌. പാത്തിത്തോട്ടില്‍ അറവുമാലിന്യങ്ങള്‍ നിക്ഷേപിയ്ക്കുന്നുണ്ടെങ്കില്‍ അത്‌ സമീപ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിയ്ക്കുന്ന അനധികൃത കശാപ്പുശാലകളില്‍ നിന്നാണ്‌. ഇതിനെതിരെ നടപടിയെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അതതു പഞ്ചായത്തു സെക്രട്ടറിമാര്‍ക്ക്‌ കത്തുനല്‍കിയിട്ടുമുണ്ട്‌. ചില ആശുപത്രികളില്‍ നിന്നുള്ള മലിനജലം തോട്ടിലേയ്ക്ക്‌ ഒഴുക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്‌. അതിനെതിരെ നോട്ടീസ്‌ നല്‍കുകയും അവിടെ ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ നിര്‍മ്മിയ്ക്കാന്‍ നടപടി തുടങ്ങുകയും ചെയ്തിട്ടുണ്ട്‌. എം.പി ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മിച്ച മറ്റൊരു ട്രീറ്റ്മെണ്റ്റ്‌ പ്ളാണ്റ്റ്‌ കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ചെയര്‍പേഴ്സണ്‍ പറഞ്ഞു.

നഗരസഭാ ഓഫീസില്‍ അക്രമം കാട്ടിയവരെ അറസ്റ്റ്‌ ചെയ്യുന്നതു വരെ പോലീസ്‌ സ്റ്റേഷനു മുന്നില്‍ നിരാഹാര സമരം നടത്താനാണ്‌ യു.ഡി.എഫ്‌ അംഗങ്ങളുടെ തീരുമാനം. അതേസമയം പ്രകടനത്തിന്നിടയില്‍ അനിഷ്ട സംഭവങ്ങള്‍ ഒന്നുമുണ്ടായിട്ടില്ലെന്ന്‌ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌ പറയുന്നു. നഗരസഭാ അധികൃതര്‍ യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുന്നതിന്നായി കാര്യങ്ങള്‍ അനാവശ്യമായി ഊതിപ്പെരുപ്പിയ്കുകാണെന്നും സെക്രട്ടറി ആരോപിച്ചു.

No comments: