Thursday, November 27, 2008

സംഘപരിവാറിനെ ഒറ്റപ്പെടുത്തണം: പിണറായി വിജയന്‍

30.9.2008

പെരുമ്പാവൂറ്‍: ഇന്ത്യന്‍ മതേതരത്വത്തിനെ അപകടപ്പെടുത്തുന്ന സംഘപരിവാറിനെ ഒറ്റപ്പെടുത്തണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.
ഇവിടെ ഹൈന്ദവരും ക്രൈസ്തവരും പരസ്പരം കലഹിയ്ക്കുന്ന പാരമ്പര്യമില്ല. ഇരുമതവിഭാഗങ്ങളിലേയും മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിയ്ക്കുന്നവരാണ്‌. ഇവരെ തമ്മിലടിപ്പിയ്ക്കുന്നത്‌ സംഘപരിവാര്‍ സംഘടനകളാണെന്ന്‌ പിണറായി ആരോപിച്ചു. സി.പി.എം നേതാവും മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവണ്റ്റെ പേരിലുള്ള സാംസ്കാരിക കേന്ദ്രത്തിണ്റ്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ശ്രദ്ധേയമായ വാഗ്ചാതുരി കൊണ്ടും ശക്തമായ വാദമുഖങ്ങള്‍ അവതരിപ്പിച്ച്‌ കാര്യങ്ങള്‍ അവതരിപ്പിയ്ക്കാനുള്ള ശേഷി കൊണ്ടും പി.ആര്‍ ശിവന്‍ ആരുടേയും ആദരവു പിടിച്ചുപറ്റിയിരുന്നതായി പിണറായി അനുസ്മരിച്ചു. ജില്ലാ സഹകരണ ബാങ്ക്‌ പ്രസിഡണ്റ്റും പി.ആര്‍ ശിവന്‍ സാംസ്കാരിക കേന്ദ്രം പ്രസിഡണ്റ്റുമായ വി.പി ശശീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ സംഗീതാചാര്യന്‍ വി ദക്ഷിണാമൂര്‍ത്തി സ്വാമികളെ പിണറായി വിജയന്‍ ഉപഹാരം നല്‍കി ആദരിച്ചു. എം.പി മാരായ കെ.ചന്ദ്രന്‍ പിള്ള, ലോനപ്പന്‍ നമ്പാടന്‍, സി.പി.എം നേതാക്കളായ എം.സി ജോസഫൈന്‍, പി രാജീവ്‌, സി.പി.എം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിയ്ക്കല്‍, സാജു പോള്‍ എം.എല്‍.എ, കവി ഏഴാച്ചേരി രാമചന്ദ്രന്‍, മുന്‍ എം.എല്‍.എ ജോര്‍ജ്‌ ഫെര്‍ണാണ്ടസ്‌, പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹന്‍, പി.കെ സോമന്‍, പി.ആര്‍ ശിവണ്റ്റെ ഭാര്യ അമ്മിണി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

No comments: