Wednesday, November 26, 2008

മൂവാറ്റുപുഴ-പെരുമ്പാവൂറ്‍ റൂട്ടില്‍ യാത്രാക്ളേശം

5.7.2008

താലൂക്ക്‌ സഭയില്‍ വിമര്‍ശനം; കെ.എസ്‌.ആര്‍.ടി. സി യ്ക്ക്‌ മൌനം

പെരുമ്പാവൂറ്‍: മൂവാറ്റുപുഴ-പെരുമ്പാവൂറ്‍ റൂട്ടിലെ യാത്രാക്ളേശത്തെ പറ്റി ഇന്നലെ ചേര്‍ന്ന താലൂക്കസഭയില്‍ കടുത്തവിമര്‍ശനം. എന്നാല്‍ വിമര്‍ശനത്തിന്‌ മറുപടി പറയാന്‍ പോലും കഴിയാതെ കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ ഒഴിഞ്ഞുമാറി.

രായമംഗലം ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലിയാണ്‌ യാത്രാക്ളേശം ചൂണ്ടിക്കാട്ടിയത്‌. ആലുവ-മൂവാറ്റുപുഴ ചെയിന്‍ സര്‍വീസാണ്‌ ഈ റൂട്ടിലുള്ളത്‌. എന്നാല്‍ രാവിലെയും വൈകിട്ടും വേണ്ടത്ര സര്‍വ്വീസുകളില്ല. വിവിധ ജോലികള്‍ക്ക്‌ പോകുന്ന സ്ത്രീകളും പഠിയ്ക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ ഇതുമൂലം വലയുന്നു. വൈകിട്ടാണ്‌ ഏറ്റവും യാത്രാക്ളേശം. ബസ്സ്റ്റാണ്റ്റിലും വഴിയോരങ്ങളിലെ ബസ്‌ സ്റ്റോപ്പുകളിലും നിരവധി ആളുകള്‍ ബസിനു വേണ്ടി മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നത്‌ പതിവുകാഴ്ചയാണ്‌. പിന്നീട്‌ രണ്ടോ മൂന്നോ ബസുകള്‍ ഒരുമിച്ചെത്തും. അതില്‍ സൂചികുത്താന്‍ പോലും ഇടമുണ്ടാവില്ല. സ്ത്രീകള്‍ പോലും പലപ്പോഴും ഫുട്ട്ബോര്‍ഡില്‍ നിന്നാണ്‌ യാത്ര ചെയ്യുന്നത്‌.

ആലുവ-പെരുമ്പാവൂറ്‍ ചെയിന്‍ സര്‍വ്വീസിനു പുറമെ മുമ്പ്‌ ചാലക്കുടി-മൂവാറ്റുപുഴ സര്‍വ്വീസുകള്‍ കൂടിയുണ്ടായിരുന്നു. നല്ല ലാഭത്തിലായിരുന്ന സര്‍വ്വീസുകള്‍ മുന്നറിയിപ്പില്ലാതെ അവസാനിപ്പിയ്ക്കുകയായിരുന്നു. അങ്കമാലി-പെരുമ്പാവൂറ്‍ റൂട്ടിലെ സ്വകാര്യ ബസ്‌ ഉടമകളുടെ താത്പര്യം സംരക്ഷയ്ക്കാനാണ്‌ ഇതെന്ന ആക്ഷേപം അന്നുതന്നെ ഉയരുകയും ചെയ്തു. പെരുമ്പാവൂര്‍- മൂവാറ്റുപുഴ എം.സി റോഡില്‍ കീഴില്ലം വരെ സ്വകാര്യ ബസ്‌ സര്‍വീസുകളോ മറ്റ്‌ സമാന്തര സര്‍വ്വീസുകളോ ഇല്ല. കെ.എസ്‌.ആര്‍.ടി. സി ബസുകളാണ്‌ ഏക ആശ്രയം. ആ നിലയ്ക്ക്‌ കെ.എസ്‌.ആര്‍.ടി.സി എന്തുനടപടികള്‍ കൈക്കൊള്ളുന്നുവെന്ന ചോദ്യത്തിന്‌ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്‌ വ്യക്തമായ മറുപടി പറയാനുണ്ടായില്ല. സാജുപോള്‍ എം.എല്‍.എ യുടെ അദ്ധ്യക്ഷതയിലായിരുന്നു താലൂക്ക്‌ സഭ.

No comments: