Wednesday, November 26, 2008

പെരുമ്പാവൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു

19.2.2008

ഹര്‍ത്താല്‍ പൂര്‍ണ്ണം

പെരുമ്പാവൂറ്‍: മേഖലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇതിനിടയില്‍ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചുവെന്ന്‌ ആരോപിച്ച്‌ പോലീസ്‌ അറസ്റ്റ്‌ ചെയ്ത പ്രവര്‍ത്തകനെ മോചിപ്പിയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പോലീസ്‌ സ്റ്റേഷന്‍ ഉപരോധിച്ചു.

ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. വെങ്ങോല കാവളയ്ക്കല്‍ എല്‍ദോ പീറ്റര്‍ (40) നെയാണ്‌ സി.ഐ കെ.പി ജോസ്‌ പിടികൂടിയത്‌. ഇതേതുടര്‍ന്ന്‌ വെങ്ങോല മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പോലീസ്‌ സ്റ്റേഷനിലേയ്ക്ക്‌ ഇരച്ചുകയറി. തൊട്ടുപിന്നലെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ കുതിച്ചെത്തി. തുടര്‍ന്ന്‌ നടന്ന ഉപരോധസമരം കെ.പി.സി.സി സെക്രട്ടറി ടി.പി ഹസന്‍ ഉദ്ഘാടനം ചെയ്തു. ഡാനിയേല്‍ മാസ്റ്റര്‍, വി.എം ഹംസ, കെ.എം.എ സലാം, എല്‍ദോ മാത്യു, സജീവ്‌ കമാല്‍, ഷാജി സലിം, എന്‍.എ റഹിം, സി.കെ ശശി തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകിട്ട്‌ ആറിന്‌ ശേഷം അറസ്റ്റ്‌ ചെയ്ത പ്രവര്‍ത്തകനെ വിട്ടയയ്ക്കാമെന്ന്‌ പോലീസ്‌ ഉറപ്പുനല്‍കിയെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന്‌ സമരക്കാരെ പോലീസ്‌ അറസ്റ്റ്‌ ചെയ്ത്‌ നീക്കി.

ഹര്‍ത്താലുമായി ബന്ധപ്പെട്ട്‌ കുറുപ്പംപടി പോലീസ്‌ അഞ്ചു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു. കുറുപ്പംപടി ടൌണില്‍ വാഹനഗതാഗതം തടസപ്പെടുത്തിയ രായമംഗലം കാരിപ്ര വീട്ടില്‍ ബേബി, വായ്ക്കര അമ്പാട്ട്‌ വീട്ടില്‍ റെജി എബ്രഹാം , ഇരിങ്ങോള്‍ ആലടി സുരേന്ദ്രന്‍, ഇരിങ്ങോള്‍ വടക്കരോടത്ത്‌ മുരളീധരന്‍ , മുടിക്കരായി പടയാട്ടില്‍ സജി എന്നിവരെയാണ്‌ എ.എസ്‌.ഐ വാസുദേവന്‍ നായര്‍ അറസ്റ്റു ചെയ്തത്‌. ഇവരെ വൈകിട്ട്‌ ആറുമണിയ്ക്ക്‌ ശേഷം വിട്ടയച്ചു.

No comments: