Wednesday, November 26, 2008

ഒക്കല്‍ തുരുത്ത്‌ പാറക്കടവ്‌ പൂട്ടാനുള്ള ജില്ലാകളക്ടറുടെ ഉത്തരവ്‌ കാറ്റില്‍ പറത്തിയെന്നാക്ഷേപം

14.6.2008

പെരുമ്പാവൂറ്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന മണല്‍ക്കടവുകളിലൊന്നായ തുരുത്ത്‌ പാറക്കടവ്‌ പൂട്ടാനുള്ള ജില്ലാകളക്ടറുടെ ഉത്തരവ്‌ റവന്യു ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തി എന്ന്‌ ആക്ഷേപം.

ഈ മാസം പത്തിന്‌ ചേര്‍ന്ന ജില്ലാ മണല്‍ വിദഗ്ദ്ധ സമിതി യോഗത്തെ തുടര്‍ന്നായിരുന്നു കളക്ടറുടെ ഉത്തരവ്‌. ഈ കടവിന്‌ അടുത്ത്‌ താമസിയ്ക്കുന്ന ഒരാളുടെ പരാതിയെ തുടര്‍ന്ന്‌ മണല്‍ക്കടവിന്‌ എതിരെ ഹൈക്കോടതി ഉത്തരവ്‌ ഉണ്ടായതിനാലാണ്‌ ജില്ലാകളക്ടര്‍ കടവ്‌ പൂട്ടാന്‍ നിര്‍ദ്ദേശിച്ചത്‌. എന്നാല്‍ ഇതുസംബന്ധിച്ച രേഖകള്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസില്‍ എത്തിയിട്ടില്ലെന്നറിയുന്നു. അതുകൊണ്ട്‌ തന്നെ കടവില്‍ നിന്ന്‌ മണല്‍ വാരുന്നത്‌ പതിവു പോലെ തുടരുകയാണ്‌. ഇതിന്നിടെ കഴിഞ്ഞദിവസം ഈ കടവില്‍ നിന്നുള്ള കള്ളമണല്‍ വണ്ടി പെരുമ്പാവൂറ്‍ പോലീസ്‌ പിടിയ്ക്കുകയും ചെയ്തു. അതേ തുടര്‍ന്നുപോലും കളക്ടറുടെ ഉത്തരവ്‌ നടപ്പാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്കായില്ല.

ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ 12 അംഗീകൃത മണല്‍ക്കടവുകളാണ്‌ ഉള്ളത്‌. അതിലൊന്നാണ്‌ കളക്ടര്‍ ഇപ്പോള്‍ പൂട്ടാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തുരുത്ത്‌ പാറക്കടവ്‌. കാലടി ശിവരാത്രി മണല്‍പ്പുറ സംരക്ഷണ സമിതിയുടെ പരാതിയും കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ മണല്‍ വിദഗ്ദ്ധ സമിതി ചര്‍ച്ചയ്ക്കെടുത്തിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മറ്റ്‌ ചില കടവുകളുടെ പ്രവര്‍ത്തനത്തെ പറ്റി അന്വേഷണം നടത്താനും കളക്ടറുടെ ഉത്തരവുണ്ട്‌. അടുത്ത മാസം മുതല്‍ ജില്ലയില്‍ മൂന്നുമാസം നീണ്ടുനില്‍ക്കുന്ന മണല്‍ വാരല്‍ നിരോധനം നടപ്പാക്കുന്നതിണ്റ്റെ മുന്നോടിയായിട്ടായിരുന്നു വിദഗ്ദ്ധ സമിതിയുടെ യോഗം.

No comments: