Wednesday, November 26, 2008

കല്ലില്‍ ഗുഹാക്ഷേത്രം ആര്‍.ഡി. ഒ ഏറ്റെടുത്തു

29.5.2008

പെരുമ്പാവൂറ്‍: ചരിത്രപ്രസിദ്ധ ജൈനസങ്കേതമായ കല്ലില്‍ ഗുഹാ ക്ഷേത്രം ആര്‍.ഡി.ഒ ഏറ്റെടുത്തു. ചെങ്കോട്ടുകോണം ശ്രീരാമദാസ മിഷനും നാട്ടുകാരും തമ്മില്‍ ക്ഷേത്ര ഭരണം സംബന്ധിച്ചുള്ള അവകാശതര്‍ക്കത്തെ തുടര്‍ന്നാണ്‌ ഇത്‌.

നാട്ടുകാരുടെ എതിര്‍പ്പ്‌ അവഗണിച്ച്‌ ആശ്രമ മഠാധിപതി ബ്രഹ്മപാദാനന്ദ സരസ്വതി ഇന്ന്‌ ക്ഷേത്രത്തില്‍ പ്രവേശിയ്ക്കുമെന്ന്‌ പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചതിണ്റ്റെ തൊട്ടുപിന്നാലെയാണ്‌ തീരുമാനം. അശമന്നൂറ്‍ വില്ലേജ്‌ ഓഫീസറെ ക്ഷേത്രത്തിണ്റ്റെ താത്കാലിക ഭരണചുമതല ഏല്‍പിച്ചിരിയ്ക്കുകയാണ്‌.

ക്ഷേത്രത്തിണ്റ്റെ ഉടമസ്ഥാവകാശമുണ്ടായിരുന്ന കല്ലില്‍ പിഷാരത്തിലെ തലമുതിര്‍ന്ന അംഗം അഡ്വ.സച്ചിദാനന്ദ പിഷാരടി 1999-ലാണ്‌ ക്ഷേത്ര ഭരണാവകാശം ശ്രീരാമ ദാസ മിഷന്‌ കൈമാറുന്നത്‌. മിഷന്‍ ഏറ്റെടുത്തതോടെ ക്ഷേത്രാചാരങ്ങളില്‍ വീഴ്ചവന്നുവെന്നും സ്വാമിമാര്‍ എന്ന പേരില്‍ ക്ഷേത്രവളപ്പില്‍ തമ്പടിയ്ക്കുന്നവര്‍ ഗുണ്ടകളാണെന്നും നാട്ടുകാരില്‍ നിന്ന്‌ ആരോപണം ഉയര്‍ന്നു. ഇരുപത്തഞ്ചേക്കറോളം വരുന്ന ക്ഷേത്രവളപ്പില്‍ നിന്നുള്ള ആദായവും മറ്റുവരുമാനങ്ങളും ക്ഷേത്രത്തിലേയ്ക്ക്‌ ഉപയോഗിയ്ക്കാതെ ആശ്രമത്തിലേയ്ക്ക്‌ കടത്തുന്നതായും ആരോപണമുണ്ടായി.

എന്നാല്‍ സി.പി.എം ഗൂഢനീക്കങ്ങളാണ്‌ നാട്ടുകാരുടെ എതിര്‍പ്പിന്‌ കാരണമെന്ന്‌ ആശ്രമവൃത്തങ്ങളും ഹൈന്ദവ സംഘടനകളും പറയുന്നു. ക്ഷേത്ര ജീവനക്കാര്‍ക്ക്‌ പലവട്ടം മര്‍ദ്ദനമേറ്റു. എന്നാല്‍ കോടതിയില്‍ നിന്ന്‌ പോലീസ്‌ സംരക്ഷണം നേടി മിഷന്‍ ഭരണവുമായി മുന്നോട്ട്‌ നീങ്ങി. ഇതിനിടെ പഞ്ചായത്ത്‌ ഗ്രാമസഭ ശ്രീരാമദാസ മിഷനെതിരെ പ്രമേയം പാസാക്കി. കല്ലില്‍ പിഷാരത്തിലെ അംഗമായ സി.പി വിശ്വനാഥ പിഷാരടിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ക്ഷേത്രത്തിണ്റ്റെ താക്കോല്‍ തിരിച്ചുവാങ്ങുകയും ചെയ്തു. എന്നാല്‍ ഇത്‌ ബലാത്കാരമായിട്ടാണെന്നാണ്‌ ശ്രീരാമദാസ മിഷണ്റ്റെ ആരോപണം.

മഠാധിപതി ഇന്ന്‌ ക്ഷേത്രം സന്ദര്‍ശിയ്ക്കുകയും ക്ഷേത്രഭരണവുമായി മുന്നോട്ടു പോകുമെന്നും ഇന്നലെ പ്രഖ്യാപിയ്ക്കുകയായിരുന്നു. അതിനു തൊട്ടു പിന്നലെ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തില്‍ സ്വാമിയെ തടയുമെന്ന്‌ കല്ലില്‍ ക്ഷേത്രസംരക്ഷണ സമിതിയും വ്യകതമാക്കി. ഈ സാഹചര്യത്തിലാണ്‌ ഭരണം ആര്‍.ഡി.ഒ ഏറ്റെടുത്തത്‌.

No comments: