Wednesday, November 26, 2008

കോടനാട്‌ സഹകരണ ബാങ്ക്‌ വീണ്ടും വിവാദത്തില്‍

പണയം തിരിച്ചെടുത്തപ്പോള്‍ വ്യജസ്വര്‍ണം

4.6.2008

പെരുമ്പാവൂറ്‍: ഭരണസമിതി അംഗങ്ങള്‍ നടത്തിയ തിരിമറിയുടെ പേരില്‍ സെക്രട്ടറി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന്‌ വാര്‍ത്തകളില്‍ നിറഞ്ഞ കോടനാട്‌ സഹകരണ ബാങ്ക്‌ വീണ്ടും വിവാദത്തില്‍.

സ്വര്‍ണ്ണപ്പണയ വായ്പയെടുത്തയാള്‍ക്ക്‌ പണം തിരിച്ചടച്ചപ്പോള്‍ വ്യജസ്വര്‍ണ്ണം മടക്കി നല്‍കിയെന്നാണ്‌ പരാതി. കോടനാട്‌ സ്വദേശി ജയിംസ്‌ പള്ളിയ്ക്ക എന്നയാളാണ്‌ ഇതു സംബന്ധിച്ചുള്ള പരാതി സഹകരണ വിഭാഗം അസിസ്റ്റണ്റ്റ്‌ രജിസ്ട്രാര്‍ക്കും പോലീസിനും നല്‍കിയത്‌. കഴിഞ്ഞ ഏപ്രില്‍ മാസം 29-നാണ്‌ 15067 നമ്പര്‍ പ്രകാരം ജയിംസ്‌ സ്വര്‍ണം പണയം വച്ചത്‌. ഇക്കഴിഞ്ഞ തിങ്കളാഴ്ച പണയം തിരിച്ചെടുത്തപ്പോള്‍ കിട്ടിയത്‌ തണ്റ്റെ സ്വര്‍ണമല്ലെന്ന്‌ മനസിലായി. അപ്രൈസറുടെ മുന്നില്‍ വച്ച്‌ സ്വര്‍ണം വ്യാജമല്ലെന്ന്‌ ബോദ്ധ്യപ്പെടുത്തണമെന്ന ആവശ്യം ബാങ്ക്‌ അധികൃതര്‍ അംഗീകരിച്ചില്ല.

ഇതേ തുടര്‍ന്ന്‌ സഹകരണജനാധിപത്യവേദി പ്രശ്നത്തില്‍ ഇടപെട്ടു. എന്നിട്ടും ബാങ്ക്‌ അധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന്‌ വേദി പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരുപ്പ്‌ സമരം നടത്തി.

മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ സഹകരണ ബാങ്ക്‌ സെക്രട്ടറിയായിരുന്ന എ.വി ഗോപി ആത്മഹത്യ ചെയ്തത്‌. ഗോപിയുടെ ആത്മഹത്യാകുറിപ്പില്‍ ബാങ്കില്‍ നടന്നുവന്ന ക്രമക്കേടുകളുടെ സമഗ്രവിവരമുണ്ടായിരുന്നു. അവ മുഴുവന്‍ സെക്രട്ടറിയുടെ തലയില്‍ കെട്ടിവച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. ഇതേതുടര്‍ന്ന്‌ നിക്ഷേപകര്‍ ബാങ്കില്‍ നിന്ന്‌ കൂട്ടത്തോടെ പണം പിന്‍വലിച്ചിരുന്നു. ബാങ്കില്‍ ഒരുകോടി രൂപയുടെ വെട്ടിപ്പ്‌ നടന്നിട്ടുണ്ടെന്ന്‌ സഹകരണജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ പറയുന്നു. ഇതേ പറ്റി വിജിലന്‍സ്‌ അന്വേഷണം വേണമെന്നും ബാങ്ക്‌ ഭരണസമിതി പിരിച്ച്‌ വിടണമെന്നും ആവശ്യപ്പെട്ടുള്ള സമരം നിലനില്‍ക്കുമ്പോഴാണ്‌ പുതിയ പരാതി വരുന്നത്‌. ഈ സാഹചര്യത്തില്‍ ബാങ്കിലിരിയ്ക്കുന്ന മുഴുവന്‍ സ്വര്‍ണവും അപ്രൈസറെകൊണ്ട്‌ പരിശോധിപ്പിയ്ക്കണമെന്നും സമിതി ചെയര്‍മാന്‍ സാബു പാത്തിയ്ക്കല്‍ പറയുന്നു. സമരത്തിന്‌ പി മാധവന്‍ നായര്‍, എം.പി പ്രകാശ്‌, ഷിജു പൂണോളി, ടി.പി എല്‍ദോസ്‌, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments: