26.2.2008
പെരുമ്പാവൂറ്‍: അന്തര്‍ദേശീയ വിപണിയില്‍ രണ്ടുകോടി രൂപയോളം വിലവരുന്ന പാമ്പിന്‍വിഷം വില്‍ക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ ഇനിയും പിടിയിലായിട്ടില്ലെന്ന് സൂചന.
കൊല്ലം സ്വദേശിയായ ജയകുമാര്‍, കോഴിക്കോട് സ്വദേശികളായ മരയ്ക്കാര്‍, ജയപ്രകാശ് എന്നിവരെയാണ് ഇനി പിടികിട്ടാനുള്ളത്. അതേപോലെ തന്നെ പാമ്പുകളില്‍ നിന്ന് വിഷം ശേഖരിയ്ക്കുന്നവരെ പറ്റി വ്യക്തമായ വിവരം ശേഖരിയ്ക്കാനും ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. മൈസൂരില്‍ നിന്ന് വിഷം ലഭിച്ചെന്ന പ്രതികളുടെ മൊഴി അനുസരിച്ചുള്ള തുടര്‍ അന്വേഷണങ്ങളും നടന്നിട്ടില്ല.
കഴിഞ്ഞദിവസം പാമ്പിന്‍ വിഷം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തു വച്ച്‌എട്ടുപേര്‍ പിടിയിലായത്. കണ്ണൂറ്‍ തലശ്ശേരി സ്വദേശികളായ സുജീഷ് , രതീഷ് , രഞ്ജിത് , കൂത്തുപറമ്പ് സ്വദേശി സാജു (കണ്ണന്‍), കോഴിക്കോട് സ്വദേശി മുഹമ്മദ് (ഇമ്പിച്ചിക്കോയ തങ്ങള്‍), കണ്ണൂറ്‍ തളിപ്പറമ്പ് സ്വദേശി ഹരിദാസ് , എറണാകുളം വല്ലാര്‍പ്പാടം സ്വദേശി മധു, മുളവുകാട് സ്വദേശി റഷീദ് എന്നി പിടിയിലായ എട്ടുപേരും ഇടനിലക്കാര്‍ മാത്രമാണത്രേ.
ഇവര്‍ക്ക് ബുധനാഴ്ച വിഷം കൈമാറാന്‍ മറ്റുപ്രതികള്‍ എത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ ഇതിനിടെ വാര്‍ത്ത പുറത്തുപോയതിനാല്‍ പ്രധാനപ്രതികള്‍ മൊബൈല്‍ സ്വച്ച് ഓഫ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത മുഴുവന്‍ പ്രതികളേയും ഉടന്‍ കോടതിയില്‍ ഹാജരാക്കണമെന്നതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യലിനുമായില്ല. വിജിലന്‍സ് സെല്ലിണ്റ്റെ നേതൃത്വത്തിലായിരുന്നു ഇതുവരെ നടന്ന അന്വേഷണങ്ങള്‍. എന്നാലിനി അന്വേഷണം അതത് റേഞ്ച് ഓഫീസര്‍മാര്‍ക്കു കൈമാറും. അതോടെ അന്വേഷണം അവസാനിയ്ക്കുകയും ചെയ്യും. ഫോറസ്റ്റ് ഡിപ്പാര്‍ട്ടമെണ്റ്റിനുള്ള പരാധീനതകളാണ് ഇതിന് സാധാരണയായി കാരണമായി പറയുക. നാളുകള്‍ക്ക് മുമ്പ് കടുവാത്തോല്‍ പിടിച്ചതുള്‍പ്പടെ നിരവധി മരവിച്ച കേസുകളില്‍ ഒന്നായി ഇതും മാറുമെന്നുവേണം കരുതാന്‍.
No comments:
Post a Comment