Thursday, November 27, 2008

മിനിലോറി മുട്ടി കുട്ടി മരിച്ച സംഭവം ഡ്രൈവര്‍ക്ക്‌ ജാമ്യം ലഭിച്ചു; പോലീസ്‌ കേസൊതുക്കിയെന്ന്‌ ആക്ഷേപം

5.9.2008

പെരുമ്പാവൂറ്‍: അമിത വേഗതയില്‍ പാഞ്ഞുവന്ന മിനിലോറി മുട്ടി സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ഡ്രൈവര്‍ക്ക്‌ കോടതി ജാമ്യം നല്‍കി. പോലീസ്‌ കേസ്‌ ദുര്‍ബലപ്പെടുത്തിയതിനാലാണ്‌ ഇതെന്ന ആക്ഷേപം വ്യാപകമായിരിയ്ക്കുകയാണ്‌.

വ്യാഴാഴ്ച വൈകിട്ട്‌ ഏഴുമണിയ്ക്ക്‌ ശേഷം വളയന്‍ചിറങ്ങരയിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വളയന്‍ചിറങ്ങര ഇലവുംകുടി രമേഷി(40)നേയും മകള്‍ കൃഷ്ണ പ്രിയ(11)യേയും ടാര്‍ വീപ്പകള്‍ കയറ്റി വന്ന മിനി ലോറി ഇടിച്ചുതെറിപ്പിയ്ക്കുകയായിരുന്നു. തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ വണ്ടി കയറി ഇറങ്ങുകയും ചെയ്തു. കൃഷ്ണപ്രിയ തല്‍ക്ഷണം മരിച്ചു. പിതാവ്‌ രമേഷ്‌ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌.

അപകടം നടന്നിട്ടും മിനിലോറി നിര്‍ത്താതെ പാഞ്ഞുപോയി. അപകടം കണ്ടുനിന്നവര്‍ വിവിധ വാഹനങ്ങളില്‍ ലോറിയെ പിന്തുടര്‍ന്നു. കിലോമീറ്ററുകള്‍ക്ക്‌ അപ്പുറം കുന്നക്കുരടിയില്‍ വച്ച്‌ നാട്ടുകാര്‍ വണ്ടി പിടികൂടി. അമിതമായി മദ്യപിച്ചിരുന്ന ഡ്രൈവര്‍ തൊടുപുഴ പെരിങ്ങാശ്ശേരി സാജു (26) അസഭ്യം പറഞ്ഞുകൊണ്ട്‌ വണ്ടി തടഞ്ഞവര്‍ക്ക്‌ നേരെ തിരിഞ്ഞതോടെ നാട്ടുകാര്‍ പ്രകോപിതരായി. അവര്‍ യുവാവിനെ കൈകാര്യം ചെയ്യുകയും കുന്നക്കുരടി ഗ്രാമീണ വായനശാലയുടെ മുറിയിലിട്ടുപൂട്ടുകയും ചെയ്തു. വണ്ടി അടിച്ചു തകര്‍ത്തു. വണ്ടിയ്ക്ക്‌ തീവയ്ക്കാനുള്ള ശ്രമം മഴ മൂലം പാളി. സംഭവമറിഞ്ഞ്‌ കുറുപ്പംപടി, പെരുമ്പാവൂറ്‍, പട്ടിമറ്റം, മൂവാറ്റുപുഴ സ്റ്റേഷനുകളില്‍ നിന്ന്‌ വാന്‍ പോലീസ്‌ സംഘം സ്ഥലത്ത്‌ എത്തി. സ്വാധീനമുപയോഗിച്ച്‌ രക്ഷപ്പെടും എന്നുള്ളതിനാല്‍ ഡ്രൈവറെ പോലീസിനു വിട്ടുകൊടുക്കില്ലെന്ന്‌ നാട്ടുകാര്‍ വാശിപിടിച്ചു. മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ സാജുവിനെ പോലീസിന്‌ ഏറ്റെടുക്കാനായത്‌. രാത്രി തന്നെ പോലീസ്‌ വണ്ടി മാറ്റുകയും ചെയ്തു.

ഇത്രയേറെ ജനരോക്ഷമുണ്ടായ ഈ സംഭവത്തില്‍ പോലീസ്‌ ദുര്‍ബലമായ കേസുകളാണ്‌ ചാര്‍ജ്‌ ചെയ്തിട്ടുള്ളതെന്ന്‌ അറിയുന്നു. സാധാരണ വണ്ടി അപകടം, മദ്യപിച്ച്‌ വണ്ടി ഓടിയ്ക്കല്‍ എന്നിവയാണ്‌ അവ. എന്നാല്‍ കൊലക്കുറത്തിന്‌ കേസെടുക്കേണ്ട സംഭവമാണ്‌ ഇതെന്ന്‌ നാട്ടുകാര്‍ പറയുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇത്ര അനായാസം ജാമ്യം ലഭിയ്ക്കുമായിരുന്നില്ല. സ്ഥലത്തെ പ്രമുഖ ബാറുടമയാണ്‌ പോലീസിനെ സ്വാധീനിച്ചതെന്ന്‌ ആക്ഷേപമുണ്ട്‌. ഇദ്ദേഹം കരാറെടത്തിരുന്ന റോഡ്‌ നിര്‍മ്മാണത്തിനുള്ള സാമിഗ്രികളുമായി പോയ ലോറിയാണ്‌ അപകടത്തില്‍ പെട്ടെതെന്നറിയുന്നു. ഇതിനു പുറമെ ഡ്രൈവര്‍ക്ക്‌ നിസ്സാരമല്ലാത്ത ക്രിമിനല്‍ പശ്ചാത്തലമുള്ളതായും സൂചനകളുണ്ട്‌. ഇതും പോലീസ്‌ പരിഗണിച്ചിട്ടില്ല.

No comments: