Thursday, November 27, 2008

മുടക്കുഴ സഹകരണ ബാങ്ക്‌ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പഞ്ചായത്തു മെമ്പറെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി

4.11.2008
പെരുമ്പാവൂറ്‍: മുടക്കുഴ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കുന്ന ഗ്രാമ പഞ്ചായത്ത്‌ അംഗത്തെ കോണ്‍ഗ്രസില്‍ നിന്ന്‌ പുറത്താക്കി.
മുടക്കുഴ ഗ്രാമ പഞ്ചായത്ത്‌ അംഗവും യൂത്ത്‌ കോണ്‍ഗ്രസ്‌ മുന്‍ ജില്ലാ പ്രസിഡണ്റ്റുമായ ജോഷി തോമസിനെ പുറത്താക്കിയതായി ഡി.സി.സി പ്രസിഡണ്റ്റിനു വേണ്ടി ബ്ളോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡണ്റ്റ്‌ പോള്‍ ഉതുപ്പാണ്‌ അറിയിച്ചത്‌. ആറു വര്‍ഷത്തേയ്ക്കാണ്‌ പുറത്താക്കല്‍. ഈ മാസം 9-ന്‌ നടക്കുന്ന സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പിലാണ്‌ ജോഷി ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരിയ്ക്കുന്നത്‌. ബാങ്കിണ്റ്റെ ഡയറക്ടര്‍ ബോര്‍ഡ്‌ അംഗമായിരുന്ന ഇദ്ദേഹത്തിന്‌ ഇക്കുറി സീറ്റ്‌ നിഷേധിയ്ക്കുകയായിരുന്നു. പകരം പാര്‍ട്ടിയില്‍ നിന്ന്‌ ഡി.ഐ.സിയിലേയ്ക്ക്‌ ചേക്കേറിയ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ നീലകണ്ഠന്‍ ഇളയതിന്‌ അവസരം നല്‍കാനായിരുന്നു പാര്‍ട്ടി തീരുമാനം. പഞ്ചായത്തില്‍ സ്ഥിര താമസം പോലുമില്ലാത്ത ഇളയതിന്‌ അവസരം നല്‍കി തന്നെ ഒഴിവാക്കിയതാണ്‌ ജോഷിയെ പ്രകോപിപ്പിച്ചത്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ മുടക്കുഴയില്‍ കനത്ത പരാജയം നേരിട്ടപ്പോള്‍ മുന്നണിയുടെ മുഖം രക്ഷിച്ചുകൊണ്ട്‌ മികച്ച വിജയം നേടിയ ജോഷിയ്ക്കെതിരെയുള്ള നടപടി പാര്‍ട്ടി പ്രവര്‍ത്തകരില്‍ അങ്കലാപ്പ്‌ സൃഷ്ടിച്ചിട്ടുണ്ട്‌. അതേ സമയം ഒരു ബ്ളോക്ക്‌ നേതാവിണ്റ്റെ രാഷ്ട്രീയ നാടകമാണ്‌ പുറത്താക്കല്‍ നടപടിയെന്ന്‌ ജോഷി പറയുന്നു. ഉത്തരവാദപ്പെട്ട ഭാരവാഹികളില്‍ നിന്ന്‌ ഇത്തരം ഒരറിയിപ്പ്‌ തനിയ്ക്ക്‌ ലഭിച്ചിട്ടില്ലെന്നും ജോഷി വ്യക്തമാക്കി.
ബാങ്ക്‌ ഭരണ സമിതിയുടെ ൯ സീറ്റുകളിലേയ്ക്ക്‌ ഇത്തവണ യു.ഡി.എഫില്‍ നിന്ന്‌ 33 നാമനിര്‍ദ്ദേശ പത്രികകളാണ്‌ സമര്‍പ്പിയ്ക്കപ്പെട്ടത്‌. മണ്ഡലം പ്രസിഡണ്റ്റ്‌ ടി.കെ സാബുവും മറ്റ്‌ വാര്‍ഡ്‌-ബൂത്ത്‌ തല ഭാരവാഹികളും പത്രിക സമര്‍പ്പിച്ചു. എന്നാല്‍ പ്രസിഡണ്റ്റ്‌ പി.പി അവറാച്ചനൊഴികെ മുന്‍ ഭരണ സമിതിയിലെ ആര്‍ക്കും സീറ്റ്‌ നല്‍കേണ്ടെന്നായിരുന്നു പാര്‍ട്ടി നിലപാട്‌. ഒടുവില്‍ മണ്ഡലം പ്രസിഡണ്റ്റ്‌ ഉള്‍പ്പടെയുള്ളവര്‍ പിന്‍മാറ്റത്തിന്‌ തയ്യാറായി.ജോഷി തോമസ്‌ മാത്രം റിബല്‍ സ്ഥാനാര്‍ത്ഥിയായി. പാര്‍ട്ടി നിലപാടിന്‌ വിരുദ്ധമായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച മണ്ഡലം പ്രസിഡണ്റ്റ്‌ സാബു ഉള്‍പ്പടെ എല്ലാവര്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും അണികളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌.
എന്തായാലും ജോഷിയെ പുറത്താക്കിയ നടപടി മൂലം ബാങ്ക്‌ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക്‌ ക്ഷീണമുണ്ടാവില്ലെങ്കിലും പിന്നീട്‌ ദോഷകരമായി ബാധിയ്ക്കുമെന്ന്‌ നിരീക്ഷിയ്ക്കുന്നവരുണ്ട്‌

No comments: