Tuesday, November 25, 2008

മണ്ണെടുപ്പിനെതിരെ വെങ്ങോല പഞ്ചായത്തിലും പ്രമേയം: സി.പി. എമ്മിലെ ചേരിപ്പോര്‌ മറനീക്കുന്നു

29.11.2007
പെരുമ്പാവൂറ്‍: വെങ്ങോലയില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കു പുറമെ ഇന്നലെ സി.പി.എം നേതൃത്വത്തിലുള്ള പഞ്ചായത്ത്‌ ഭരണ സമിതിയും മണ്ണെടുപ്പിനെതിരെ പ്രമേയം പാസാക്കി. പാര്‍ട്ടിനേതാവിണ്റ്റെ സഹോദരണ്റ്റെ ഉടമസ്ഥതയിലുള്ള മണ്ണുവണ്ടി പോലീസ്‌ പിടിച്ചതിനു തൊട്ടുപിന്നാലെയാണിത്‌. പാര്‍ട്ടിയിലെ ചേരിപ്പോര്‌ മറനീക്കുന്നതിണ്റ്റെ സൂചനയാണ്‌ ഇതെന്ന്‌ കരുതുന്നവരുണ്ട്‌.
പ്രമേയങ്ങളും പ്രസ്താവനകളുമായി സി.പി.എമ്മും ഇടതുയുവജന സംഘടനയായ ഡി.വൈ.എഫ്‌.ഐയും മാധ്യമങ്ങളില്‍ നിറയുന്നതിനിടെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗവുമായ എം.പി സന്തോഷിണ്റ്റെ സഹോദരണ്റ്റെ മണ്ണുവണ്ടി പോലീസ്‌ പിടിച്ചെടുത്തത്‌ ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ പിടിച്ചെടുത്ത വാഹനം സി.പി.എം നേതാവിണ്റ്റേതാണന്നറിഞ്ഞതോടെ കേസെടുക്കാതെ വിട്ടയയ്ക്കാനുള്ള നീക്കമുണ്ടായിരുന്നു. വണ്ടി പിടിച്ചെടുത്തതും വാഹന നമ്പര്‍, ഉടമസ്ഥണ്റ്റെ പേര്‌ എന്നി വിവരങ്ങളും മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന്‌ മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടായി. വൈകി പിടിച്ചെടുത്ത വാഹനങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട്‌ കളക്ടര്‍ക്ക്‌ കൊടുക്കുന്നതില്‍ വീഴ്ച കാട്ടാത്ത പോലീസ്‌ രാവിലെ ഒമ്പതിനു മുമ്പ്‌ പിടിച്ചെടുത്ത ഈ വാഹനത്തിണ്റ്റെ കേസെടുക്കാന്‍ ഏറെ വൈകിയത്‌ ദുരൂഹതയുണര്‍ത്തുന്നു. എന്നാല്‍ വാഹനം തിരിച്ചുപിടിയ്ക്കാന്‍ പ്രമുഖ നേതാക്കളൊന്നും രംഗത്ത്‌ വന്നില്ലെന്നറിയുന്നു. മാത്രവുമല്ല ഇന്നലെ പഞ്ചായത്ത്‌ കമ്മിറ്റിയില്‍ രണ്ടാം വാര്‍ഡ്‌ അംഗം കെ.എം അന്‍വര്‍ അലി, പതിനേഴാം വാര്‍ഡ്‌ അംഗം പി.കെ വിജയണ്റ്റെ പിന്തുണയോടെ മണ്ണെടുപ്പിനെതിരെ പ്രമേയം കൊണ്ടുവരികയും ചെയ്തു.
ഇത്‌ മണ്ണെടുപ്പുമായി ബന്ധപ്പെട്ടവരുമായി തങ്ങള്‍ക്ക്‌ ബന്ധമില്ലെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ എന്നു കരുതുന്നവരുണ്ട്‌. ടിപ്പര്‍ ലോറികള്‍ സ്വന്തമായുള്ള മറ്റൊരു ഡി.വൈ.എഫ്‌.ഐ നേതാവിന്‌ എതിരെയും സി.പി.എമ്മില്‍ ചില നീക്കങ്ങള്‍ നടക്കുന്നതായറിയുന്നു. മണ്ണെടുപ്പ്‌ വ്യാപകമായ പെരുമ്പാവൂറ്‍ മേഖലയില്‍ വെങ്ങോലയില്‍ മാത്രം സി.പി.എം സമരവുമായി രംഗത്ത്‌ വരുന്നത്‌ തങ്ങള്‍ക്ക്‌ അനഭിമതരായ ഈ നേതാക്കളെ ഒതുക്കാനാണെന്നാണ്‌ ലഭിയ്ക്കുന്ന സൂചനകള്‍.

No comments: