Tuesday, November 25, 2008

പരിഭ്രമം വിട്ടുമാറാത്ത കുട്ടിക്കുറുമ്പിയ്ക്ക്‌ ഇനി കോടനാട്‌ പരിരക്ഷ

വാര്‍ത്ത -14.11.2007
പെരുമ്പാവൂറ്‍: കാട്ടാന കൂട്ടത്തിനൊപ്പം തുള്ളിക്കളിച്ചു നടക്കുമ്പോള്‍ വേട്ടാമ്പാറയില്‍ റബര്‍തോട്ടത്തിനു നടുവിലെ കിണറ്റില്‍ വീണ കുട്ടിയാനയ്ക്ക്‌ ഇനി കോടനാട്‌ പരിരക്ഷ. കാട്ടില്‍ കിട്ടിയ സ്വാതന്ത്രത്തിനു പകരം ഇനി ഇവള്‍ക്ക്‌ കൂടിന്നകത്തെ സുരക്ഷിതത്വം. പിന്നെ വിവിധ നാടുകളില്‍ നിന്നെത്തുന്ന കുട്ടികളടക്കമുള്ള കാഴ്ച്ചക്കാര്‍ക്ക്‌ തീരാകൌതുകമാകാനുള്ള നിയോഗവും. ആഴത്തിലേയ്ക്ക്‌ അടിതെറ്റിയും ചെളിയില്‍ പുതഞ്ഞും പരിഭ്രമിച്ചുപോയ രണ്ടുവയസുകാരിയായ ആനക്കുട്ടി ഇനിയും സാധാരണ മാനസികാവസ്ഥയില്‍ എത്തിയിട്ടില്ല. രണ്ടുദിവസം മുമ്പ്‌ കിണറ്റില്‍ വീണ്‌ ചെളിയില്‍ പുതഞ്ഞുപോയ ആനക്കുട്ടിയെ ഏറെ പണിപ്പെട്ടാണ്‌ കരയ്ക്കുകയറ്റിയത്‌. ഇന്നലെ വൈകിട്ട്‌ നാലിന്‌ ശേഷം വനപാലകസംഘം ഇവളെ കോടനാട്ട്‌ എത്തിച്ചു. അപ്പോഴേയ്ക്കും പാപ്പാന്‍ സുബ്രഹ്മണ്യണ്റ്റെ നേതൃത്വത്തില്‍ പുതിയ അതിഥിയ്ക്കായി പാര്‍പ്പിടമൊരുക്കിയിരുന്നു. കണ്ണൂരില്‍ നിന്ന്‌ കിട്ടിയ ഒരു വയസുകാരി അശ്വതിയ്ക്കും മാട്ടുപ്പെട്ടിയില്‍ നിന്ന്‌ കൊണ്ടുവന്ന ഒന്നര വയസുള്ള കുട്ടിയാനയ്ക്കുമൊപ്പം കോടനാട്ടെ പ്രശസ്തമായ ആനക്കൊട്ടിലിലാണ്‌ പുതിയ ആനക്കുട്ടിയേയും പാര്‍പ്പിയ്ക്കുക. കയറഴിച്ച്‌ കൂട്ടില്‍ കയറ്റും മുമ്പ്‌ വയനാട്‌ നിന്നെത്തിയ ഫോറസ്റ്റ്‌ വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ അവള്‍ക്ക്‌ ഗ്ളൂക്കോസും ചില മരുന്നുകളും നല്‍കി. കോടനാട്‌ ഇപ്പോള്‍ ഏഴ്‌ ആനകളാണ്‌ ഉള്ളത്‌. അതില്‍ രണ്ടുപേര്‍ മുതിര്‍ന്നവരാണ്‌. താപ്പാനയായ സുനിതയും നീലകണ്ഠനും. മറ്റ്‌ ആറുപേരും കുട്ടിത്തം വിട്ടുമാറാത്തവര്‍. പാര്‍വ്വതി, ആശ, ഭാരതി, അശ്വതി, പിന്നെ ഇനിയും പേരിടാത്ത ഒരാളും. അവശയായെത്തിയ പുതിയ അതിഥിയെ വേതിട്ടുകളിപ്പിച്ചും കുപ്പിപ്പാലു നല്‍കിയും പാപ്പാന്‍ സുബ്രഹ്മണ്യന്‍ മിടുക്കിയാക്കി മാറ്റും. ഈ മിടുക്കിയെ കാണാന്‍ ഇനി കോടനാനട്ടേയ്ക്ക്‌ കാഴ്ചക്കാരുടെ പ്രവാഹമായിരിയ്ക്കും.

No comments: