Tuesday, November 25, 2008

കിണറ്റില്‍ വീണ കുട്ടിയാനയെ ജീവിതത്തിലേയ്ക്ക്‌ കരകയറ്റാന്‍ കോടനാട്‌ ഒരുക്കം തുടങ്ങി


സുരേഷ്‌ കീഴില്ലം
വാര്‍ത്ത‍ -13.11.2007
പെരുമ്പാവൂറ്‍: വേട്ടാമ്പാറയില്‍ കിണറ്റില്‍ വീണ കുട്ടിയാനയ്ക്ക്‌ പാര്‍ക്കാന്‍ കോടനാട്‌ കൂടൊരുങ്ങി. ശരീരത്തിനു പറ്റിയ മുറിവുകളും മനസ്സിനേറ്റ ഭയപ്പാടുകളും തുടച്ചുമാറ്റാന്‍ സിദ്ധിയുള്ള പരിചാരകന്‍ സുബ്രഹ്മണ്യനും തയ്യാര്‍.
കിണറ്റില്‍ ചെളിയില്‍ പുതഞ്ഞുപോയ ആനക്കുട്ടിയെ കരയ്ക്കുകയറ്റാന്‍ ഇന്നലെ വൈകിയും വനപാലകസംഘത്തിനു കഴിഞ്ഞിരുന്നില്ല. അതേസമയം പാപ്പാന്‍ സുബ്രഹ്മണ്യണ്റ്റെ നേതൃത്വത്തില്‍ വൈകുന്നേരത്തിനു മുമ്പ്‌ പുതിയ അതിഥിയ്ക്കായി പാര്‍പ്പിടമൊരുക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന്‌ കിട്ടിയ ഒരു വയസുകാരി അശ്വതിയ്ക്കും മാട്ടുപ്പെട്ടിയില്‍ നിന്ന്‌ കൊണ്ടുവന്ന ഒന്നര വയസുള്ള കുട്ടിയാനയ്ക്കുമൊപ്പം കോടനാട്ടെ പ്രശസ്തമായ ആനക്കൊട്ടിലിലാണ്‌ പുതിയ ആനക്കുട്ടിയേയും പാര്‍പ്പിയ്ക്കുക. 1895-ല്‍ തിരുവിതാംകൂറില്‍ ആനപിടുത്തം തുടങ്ങിയതിനെ തുടര്‍ന്ന്‌ നിര്‍മ്മിച്ചതാണ്‌ ഇത്‌. കൂറ്റന്‍ തേക്കിന്‍ കഴകള്‍ ഉപയോഗിച്ച്‌ 1965-ല്‍ 40346 രൂപ മുടക്കി ഇതു പുതുക്കിപ്പണിതു. ആനപരിശീലനത്തിനു വേണ്ടി നിര്‍മ്മിച്ച ഈ ആനക്കൊട്ടില്‍ പിന്നീട്‌ ഉപയോഗിയ്ക്കാതായി. ഒരുകാലത്ത്‌ വനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്യാന്‍ ഉപയോഗിച്ച ചരിത്രവുമുണ്ട്‌. മലവെള്ളപ്പാച്ചിലില്‍ പെട്ടും കിടങ്ങുകളില്‍ കാലിടറി വീണും മരണത്തോടുമുഖാമുഖം കണ്ട കുട്ടിയാനകള്‍ക്ക്‌ അഭയസ്ഥാനമായി വനംവകുപ്പ്‌ കോടനാടിനെ തിരിച്ചറിഞ്ഞതോടെ ഈ കൊട്ടിലിനും പുതുജീവന്‍ വച്ചു. കോടനാട്‌ ഇപ്പോള്‍ ഏഴ്‌ ആനകളാണ്‌ ഉള്ളത്‌. അതില്‍ രണ്ടുപേര്‍ മുതിര്‍ന്നവരാണ്‌. താപ്പാനയായ സുനിതയും നീലകണ്ഠനും. മറ്റ്‌ ആറുപേരും കുട്ടിത്തം വിട്ടുമാറാത്തവര്‍. പാര്‍വ്വതി, ആശ, ഭാരതി, അശ്വതി, പിന്നെ ഇനിയും പേരിടാത്ത ഒരാളും.
ജീവണ്റ്റെ നേരിയ തുടിപ്പുമായെത്തുന്ന ആനക്കുട്ടികളെ തൊട്ടും തലോടിയും ഉന്‍മേഷഭരിതരാക്കുന്ന സുബ്രഹ്മണ്യന്‍ എന്ന ആനപാപ്പാനാണ്‌ സത്യത്തില്‍ കോടനാടിണ്റ്റെ മുഖ്യ ആകര്‍ഷണം. അവശരായെത്തുന്ന ഇവയെ വേതിട്ടുകളിപ്പിച്ചും കുപ്പിപ്പാലു നല്‍കിയും സുബ്രഹ്മണ്യന്‍ ജീവിതത്തിലേയ്ക്ക്‌ വഴിനടത്തുന്നു. വേട്ടാമ്പാറയില്‍ അപകടത്തില്‍പെട്ട ആനക്കുട്ടി കൊമ്പനോ പിടിയോ എന്നു തിരിച്ചറിഞ്ഞിട്ടില്ല. എത്ര പരുക്കുണ്ടെന്നും അറിയില്ല. എന്തായാലും സുബ്രഹ്മണ്യനും സഹപ്രവര്‍ത്തകരും തയ്യാറാണ്‌. അര്‍ദ്ധപ്രാണനോടെ വരുന്ന കുരുന്നിനു വേണ്ടി ഉറക്കം വെടിയാന്‍.

No comments: